Thursday, October 22, 2009

മരണത്തിലേക്കടുക്കുന്ന ഭാഷകള്‍


കണ്ടുപിടിത്തങ്ങളുടെ മനുഷ്യ ചരിത്രത്തില്‍ ഏറ്റവും മഹത്തരമായത് ഭാഷയുടെ കണ്ടുപിടിത്തമാണെന്ന് പൊതുവേ പറയാറുണ്ട്. നാം ഇന്നറിയുന്ന ചരിത്രം രചിച്ചുവെക്കാന്‍ പഴയ മനുഷ്യനെ പ്രാപ്തനാക്കിയത് ഭാഷയാണ്. പ്രാചീന കാലത്തെ ശിലാരേഖകളില്‍ നിന്നും ചരിത്രം സന്ദേഹങ്ങള്‍ക്കിടയില്ലാതെ വായിച്ചെടുക്കാന്‍ മനുഷ്യനു തുണയായതും ഭാഷ തന്നെയാണ്. മനസ്സിലെ ചിന്തകള്‍ മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുക എന്ന പ്രവര്‍ത്തനം ഭാഷയെന്ന മാധ്യമത്തിലൂടെ നമുക്ക് സാധ്യമാകുന്നു. വാക്ക്/വര മൊഴികളിലൂടെ കൈമാറ്റപെടുന്ന ഇത്തരം വിവരങ്ങള്‍ അറിവായും പിന്നെ തിരിച്ചറിവായും നമുക്കു അനുഭവപ്പെടുന്നു. ഒരു ജനതയുടെ സാംസ്കാരികവും ആത്മീയവുമായ സത്ത അതാത് ജനതയുടെ ഭാഷയില്‍ അന്തര്‍ലീനമായിട്ടുണ്ട്. കാര്‍ഷിക-ആചാര-ആത്മീയ പ്രക്രിയയുടെ ഓരം ചേര്‍ന്ന് രൂപപ്പെട്ടിരുന്ന പ്രാചീന നാടന്‍ കലാരൂപങ്ങള്‍, നാടോടി ഗീതങ്ങള്‍ എന്നിവയുടെ ഭാഷാപരമായ ആത്മാവ് എന്നത് ആ കാലഘട്ടത്തിലെ സാമുഹികവും സാംസ്കാരികവുമായ പരിസരമായിരുന്നു. ജൈവികതയില്‍ അധിഷ്ഠിതമായ ഇത്തരം ഗ്രാമ്യ നാഗരിക ഘടകങ്ങളുടെ പശ്ചാതലം നമുക്ക് അനുഭവസാധ്യമാകുന്നതും ഭാഷയുടെ ശക്തികൊണ്ടുതന്നെ.ലോകത്താകമാനം ഇന്ന് 6,700 ഓളം ഭാഷകള്‍ സംസാരിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ ചൈനീസ് ഭാഷയാണ്. 3200 മില്യണ്‍ പേര്‍ ദിവസത്തില്‍ ഈ ഭാഷയിലൂടെ ആശയവിനിമയം നടത്തുന്നു. പ്രാദേശിക വകഭേദമുള്ള (സിനോ-തിബത്തന്‍) ആറോളം ഭാഷകളുടെ കൂട്ടമാണ് ചൈനീസ് ഭാഷ. ജനസംഖ്യയില്‍ ചൈന നിലനിര്‍ത്തുന്ന ഒന്നാം സ്ഥാനവും ഇതിന് കാരണമാണ്. ഇംഗ്ലീഷിനാണ് രണ്ടാം സ്ഥാനം.1600 മില്യണ്‍ ജനങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. നമ്മുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി (ഉര്‍ദ്ദു ഭാഷയേയും കൂട്ടി) മൂന്നാം സ്ഥാനം പങ്കിടുന്നു. 29 ാം സ്ഥാനത്താണ് നമ്മുടെ അമ്മമലയാളം. 35 മില്യണ്‍ ആള്‍ക്കാര്‍ മലയാളം സംസാരിക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും വളര്‍ച്ചയുള്ളതും സ്വാധീനമുള്ളതും ഇംഗ്ലീഷ് ഭാഷയ്ക്കാണ്. ആഗോളതലത്തില്‍ ഇംഗ്ലീഷിനുള്ള സ്വീകാര്യതയും അംഗീകാരവും മറ്റു പ്രാദേശിക ഭാഷകളുടെ വളര്‍ച്ച ഇല്ലാതാക്കുന്നു.സ്വന്തം ഭാഷയേയും അതിലടങ്ങിയിരിക്കുന്ന അക്ഷയഖനിയെയും സ്നേഹിക്കുന്നവരില്‍ കടുത്ത ആശങ്കശയ്കിട നല്‍കിയിരിക്കുകയാണ് ഈയിടെ പുറത്തിറങ്ങിയ യുനെസ്കോ പഠനറിപ്പോര്‍ട്ട്. പ്രാദേശികതലത്തില്‍ ഇപ്പോള്‍ തന്നെ ഭീഷണി നേരിടുന്ന 196 ഓളം ഇന്ത്യന്‍ ഭാഷകള്‍ അടുത്തു തന്നെ മരണവക്കത്തിലേക്കെത്തുമെന്ന് ലോകത്തില്‍ വെച്ച് ഏറ്റവും ആധികാരികതയുള്ള റിപ്പോര്‍ട്ടിലൂടെ യുനെസ്കോ മുന്നറിയിപ്പ് നല്‍കുന്നു. ഇതില്‍ കര്‍ണാടകയില്‍ നിന്നുള്ള അഞ്ച് ഭാഷകള്‍ അടക്കം എട്ടോളം ഭാഷകള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളതാണ്. കിഴക്കന്‍ സംസ്ഥാനമായ മേഘാലയയിലെ ഘാസി ഭാഷ, ദക്ഷിണകര്‍ണാടകയിലും കാസര്‍കോട് ജില്ലയുടെ വടക്കുഭാഗങ്ങളിലും സംസാരിക്കപ്പെടുന്ന തുളു, കുടകിലെ കൊടവ, കര്‍ണാടകയ്ക്കു പുറമേ, ആന്ദ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇരുള, കുറുബ എന്നിവ അപകട ഗണത്തില്‍ പെടുന്ന ഭാഷകളില്‍ ചിലതാണ്. ഭീഷണി നേരിടുന്ന 196 ഓളം ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ 86 എണ്ണം അരക്ഷിത ഗണത്തില്‍ ആണ്. അതായത് പുതുതലമുറ സംസാരിക്കുന്നുണ്ടെങ്കിലും ചില സാഹചര്യങ്ങളില്‍ അതു നിയന്ത്രിക്കപ്പെടുന്നു. അല്ലെങ്കില്‍ ഈ ഭാഷകള്‍ മുതിര്‍ന്നവരിലായി ഒതുങ്ങുന്നു.അതിജീവനത്തിനുള്ള അവസാന ഊഴത്തിലാണ് ഈ ഭാഷകള്‍ എന്ന് വസ്തുതാവിവരണങ്ങളോടെ അറ്റ്ലസ് വേള്‍ഡ്സ് ഓഫ് ലാംഗേജ്വസ് ഇന്‍ ഡേഞ്ചര്‍ എന്ന പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ലോകത്ത് ഇന്ന് സംസാരിക്കപ്പെടുന്ന 6,700 ഓളം ഭാഷകളില്‍ പകുതിയോളം തന്നെ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അപ്രത്യക്ഷമായേക്കും. തൊട്ടറിയാന്‍ സാധ്യമല്ലാത്ത സാംസ്കാരിക പാരമ്പര്യത്തിന്റെയും സ്വത്വത്തിന്റെയും ആവിഷ്കരണത്തിനുള്ള പ്രാഥമിക മാധ്യമം കൂടിയാണ് ഭാഷ. സാംസ്കാരിക വൈവിധ്യമടക്കം ഒരു സമുഹത്തിന്റെ വിപുലവും വിശാലവുമായ പാരമ്പര്യം കൂടിയാണ് ഭാഷയുടെ മരണത്തോടെ ഇല്ലാതായി തീരുന്നത് - റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമായി നടത്തിയ ഈ പഠന റിപ്പോര്‍ട്ട് പ്രകാരം യുനെസ്കോ ആവിശ്കരിച്ച എന്‍ഡെഞ്ചര്‍ ലാംഗേജ് പ്രോഗ്രാം ഭാഷകളുടെ നിലനില്‍പ്പിനുവേണ്ടി അടിയന്തിരമായി കൈകൊള്ളേണ്ട നടപടികളെ കുറിച്ചും നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിനായി അന്താരാഷ്ട്രതല സഹകരണത്തോടെ ക്രിയാത്മകമായ ആസൂസ്ത്രണവും നൂതനമായ പരിഹാരമാര്‍ഗ്ഗങ്ങളും രൂപപ്പെടുത്തുന്നുണ്ട്.ആഗോള സമുഹം എന്ന രീതിയിലേക്കു ജീവിതം മാറ്റപ്പെടുമ്പോള്‍ നമുക്കു നഷ്ടമാകുന്ന വേരുകളില്‍ ഒന്നാണ് ഭാഷ. ഒരു ഭാഷ ഭൂമുഖത്തു നിന്നും മറയുന്നതോടെ നഷ്ടപെടുന്നത് ആ ഭാഷയില്‍ രചിക്കപ്പെട്ട സാഹിത്യങ്ങളും അതിന്റേതായ വ്യാകരണനിയമങ്ങളുമാണ്. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന വൈജ്ഞാനികമായ ലോകമാണ് ഇല്ലാതാതായി മാറുന്നത്. യുനെസ്കോ നടത്തിയ ഈ ഓര്‍മ്മപ്പെടുത്തല്‍ സംരക്ഷണം എന്ന രീതിയിലേക്കു പരിവര്‍ത്തനം ചെയ്യപെടട്ടെ എന്നു നമുക്കു പ്രത്യാശിക്കാം.


തുളു: അതിജീവനത്തിന്റെ വഴിയില്‍ ഒരു ആദിഭാഷ

ദക്ഷിണേന്ത്യയിലെ പഞ്ച ദ്രാവിഡഭാഷകളില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ഭാഷയാണ് തുളു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിവയാണ് മറ്റുള്ളവ. ആദി ദ്രാവിഡ കാലഘട്ടം മുതല്‍ തുളുവിന് ദക്ഷിണേന്ത്യയില്‍ ശക്തമായ സ്ഥാനമുണ്ടായിരുന്നു. ആദിമകാലം മുതല്‍ക്ക് സ്വയം വികസിച്ചു വന്ന തുളു പിന്നീട് കര്‍ണാടകയിലെ തീരദേശ ജില്ലകളിലും വടക്കന്‍ കേരളത്തിലുമായി ഒതുങ്ങി. ലിപിയുടെ കാര്യത്തില്‍ പ്രാചീനകാലത്തുണ്ടായിരുന്ന ഏകീകരണം പിന്നീട് ഇല്ലാതെപോയതും തുളുവിന് ഒരു കേന്ദ്രീകൃതഭാഷ എന്ന നിലയിലുള്ള വളര്‍ച്ച ഇല്ലാതാക്കി. ഇന്ന് മലയാളത്തില്‍ എഴുതാന്‍ നാം ഉപയോഗിക്കുന്ന അതേ ലിപിസങ്കേതം (ഗ്രന്ഥലിപി) തന്നെയാണ് പ്രാചീനകാലത്ത് തുളു രചനയ്ക്ക് ഉപയോഗിച്ചിരുന്നത്. തുളു ബ്രാഹ്മണന്‍മാര്‍ സംസ്കൃതകാവ്യങ്ങള്‍ തങ്ങളുടെ മാതൃഭാഷയിലേക്കു മൊഴിമാറ്റം ചെയ്യാന്‍ ഗ്രന്ഥലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്. അരുണബ്ജ രചിച്ച തുളു മഹാഭാരതമാണ് ഗ്രന്ഥലിപിയില്‍ രചിക്കപ്പെട്ടതും ഇന്ന് ലഭ്യമായതില്‍ വെച്ച് ഏറ്റവും പഴക്കം ചെന്നതുമായ തുളു കാവ്യഗ്രന്ഥം. സംസ്കൃതത്തില്‍ നിന്നും വിവര്‍ത്തനം ചെയ്ത ഈ മഹാഭാരതത്തിന്റെ രചനാകാലഘട്ടം പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയ്ക്ക്ആയിരുന്നു. ശ്രീ ഭാഗവത, കാവേരി, എന്നിവ പിന്നീട് രചിക്കപെട്ട കാവ്യങ്ങളാണ്.പത്തൊമ്പതാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ വരവോടെയാണ് കന്നഡ ലിപി തുളുഭാഷയില്‍ ഉപയോഗിക്കുന്നത്. മിഷനറിസാഹിത്യങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ആയിരുന്നു ഇത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് തുളുസാഹിത്യത്തില്‍ നവോത്ഥാനം നടക്കുന്നത്. കന്നഡ ലിപിയായിരുന്നു തുടര്‍ന്നങ്ങോട്ട് തുളു രചനയ്ക്ക് ഉപയോഗിച്ചിരുന്നത്. മന്ദാര രാമായണ എന്ന കാവ്യകൃതിയാണ് ആധുനിക തുളുസാഹിത്യത്തിലെ ഏറ്റവും ശ്രദ്ദേയമായകൃതി.ചിതറിയ ഒരു സമൂഹമായിരുന്നു തുളുവന്‍മാരുടേത്. പലായനത്തിന്റേയും ദേശാന്തരഗമനത്തിന്റേയും ചരിത്രമാണ് തുളുവന്റേത്. അതുകൊണ്ടുതന്നെ പിന്നീട് വിശാലമായ രീതിയിലുള്ള ഒരു സമൂഹ ഘടന ഇല്ലാതെപോയി. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം നടത്തിയപ്പോള്‍ തുളു തഴയപ്പെട്ടു.പഞ്ച ദ്രാവിഡഭാഷകളില്‍ തുളു ഒഴികെയുള്ള നാലു ഭാഷകളും നാലു സംസ്ഥാനങ്ങളിലായി സജീവമായി ഉപയോഗത്തിലുണ്ട്. കാസര്‍കോട്‌ ജില്ലയിലെ ചന്ദ്രഗിരി പുഴയുടെ വടക്കേ ഭാഗം മുതല്‍ ഉത്തര കര്‍ണ്ണാടകയിലെ ഗോകര്‍ണ്ണം വരെയുള്ള ഭാഗങ്ങള്‍ ചേര്‍ത്ത് തുളുനാട് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില തുളു സംഘടനകള്‍ പ്രക്ഷോഭം നടത്തുയിരുന്നെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.ഗൌരവകരമായ സാഹിത്യരചനകളുടെ അഭാവം വിദ്യാഭ്യാസ രംഗത്ത് തുളുവിന്റെ സജീവമായ സാന്നിധ്യം ഇല്ലാതാക്കി. തുളുവില്‍ രചിക്കപ്പെട്ട പുരാതന താളിയോലകളില്‍ മിക്കതും സംരക്ഷിച്ചുവെയ്ക്കുന്നതില്‍ വന്ന പരാജയവും ഭാഷയെന്ന രീതിയില്‍ തുളുവിനെ കുറിച്ചുള്ള തുടര്‍പഠനങ്ങള്‍ക്കു വിഘാതമായി. അപകടാവസ്ഥയില്‍ നിന്നും തുളുവിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. കര്‍ണ്ണാടക സര്‍ക്കാറിനു കീഴില്‍ സ്ഥാപിക്കപ്പെട്ട തുളു സാഹിത്യ അക്കാദമിയും, ഭാരത സര്‍ക്കാറിനു കീഴില്‍ മഞ്ചേശ്വരത്തു സ്ഥാപിക്കപ്പെട്ട കേരള തുളു അക്കാദമിയും ഇതിനുവേണ്ടിയുള്ള ഉദ്യമങ്ങളാണ് . കര്‍ണ്ണാടകയില്‍ തുളു മാധ്യമത്തിലുള്ള കൂടുതല്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും, കോളേജ് തലത്തില്‍ ഭാഷാഗവേഷണം ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വേരറ്റുവീഴും മുമ്പേ ഭൂമിയില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള അവസാന ശ്രമങ്ങളായി ഇത്തരം പ്രവര്‍ത്തനങ്ങളെ കാണാം..

Wednesday, March 25, 2009

പിലിബിത്ത് ഓര്‍മിപ്പിക്കുന്നത് ....ഗാന്ധിയെന്നത് കേവലം ലോക ജനതെയെ സംബന്ധിച്ച് ഒരു സംജ്ഞ മാത്രമല്ല .

അതുകൊണ്ടുതന്നെ- പാര്‍ശ്വവല്ക്കരിക്കപെടുന്ന ജനതയെ കുറിച്ച് ഇത്രയ്ക്കും സന്ദേഹിയായ ഒരു മനുഷ്യന്‍ ഈ ഭൂഗോളത്തില്‍ ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ലെന്ന് മഹാശാസ്ത്രകാരനായ ആല്‍ബര്‍ട്ട് ഐന്‍സ്ടീന് പറയേണ്ടിവന്നു.


ഗാന്ധി - ഒരു ജനതയ്ക്ക് സന്ദേശമായി മാറിയ ജന്മം.


ആഗോളവത്കരണ കാലത്ത് എല്ലാം കച്ചവടമാണ്. എന്നാല്‍ ഗാന്ധി എന്ന നാമം ആഗോള വത്കരണം ശക്തമാകുന്നതിനു മുന്പ്തന്നെ ദുരുപയോഗം ചെയ്യപെട്ടു.


ആദ്യം ഇന്ത്യന്‍ നാഷനല്‍ കൊണ്ഗ്രെസ്സ്.

പിന്നീട് നെഹ്‌റുവിന്റെ മകളിലൂടെ.


കാശ്മീരി ബ്രാഹ്മണനായ നെഹ്രുവിനു തന്റെ മകള്‍ ഇന്ദിരയ്ക്കു ഫിറോസ്‌ ഖാന്‍ എന്ന പേര്‍ഷ്യന്‍ മുസ്ലിം കുടുബത്തിലെ യുവാവ്മായുള്ള പ്രണയം രാഷ്ട്രീയ പരമായ കാരണങ്ങളാല്‍ എതിര്‍കേണ്ടി വന്നു.ഒടുവില്‍ മഹാത്മ ഗാന്ധി ഫിറോസിനെ ദത്തെടുക്കുക വഴി ഈ പ്രണയ പ്രശ്നം രമ്യതയില്‍ എത്തിച്ചു.ഫിറോസ്‌ ഖാന്‍ അങ്ങനെ ഫിറോസ്‌ ഗാന്ധിയായി.ഇന്ദിര അങ്ങനെ ഇന്ദിര ഫിറോസ്‌ ഗാന്ധി ആയി.
സ്വാഭാവികമായും തലമുറകള്‍ അതിനെ ഉപയോഗ പെടുത്തുക ചെയ്തു.
ഇന്ദിര, ഇന്ദിര ഫിറോസ്‌ ഗാന്ധി എന്നതിലേറെ ഫിറോസ്‌ ഒഴിവാക്കി ഇന്ദിര ഗാന്ധി ആയി അറിയപെടാന്‍ ആഗ്രഹിച്ചു. ഇന്ദിരയ്ക്കു രണ്ടു ആണ്മക്കള്‍ മൂത്തവന്‍ സഞ്ജയ്‌ ഇളയവന്‍ രാജീവ് . സഞ്ജയ്‌ സിക്കുകാരി മനേകയെ കെട്ടി . രാജീവ് കേംബ്രിട്ജിലെ പഠനകാലത്ത്‌ ഇഷ്ടപെട്ട ഇറ്റലിക്കാരി സോണിയയെ കെട്ടി.ഇതോടെ ഇന്ദിരയുടെ മരുമക്കള്‍ക്കും കിട്ടി "ഗാന്ധി ".

ഇനി ജനിക്കാനിരിക്കുന്ന ഇതേ കുടുംബത്തിലെ സകല പിറവികള്‍ക്കും കാണും വാലായി ഇതേ "ഗാന്ധി. "


രാജീവിന് ശേഷം ഇന്ത്യയെ രക്ഷിക്കാന്‍ സോണിയ കൊണ്ഗ്രെസ്സിലൂടെ രാഷ്ട്രീയത്തില്‍
എത്തി.

മനേക, സഞ്ജയ്‌ ഗാന്ധിയുടെ മരണശേഷം സ്വന്തമായി രൂപീകരിച്ച സഞ്ജയ്‌ വിചാര മഞ്ചും പിന്നീട് ജനതാ ദളും കഴിഞ്ഞ് ഒടുവില്‍ കാവി പാളയത്തില്‍ എത്തി. അവിടെ മൃഗ സ്നേഹം മാത്രം മതിയല്ലോ...! ഗുജറാത്ത് മോഡല്‍ വംശ ഹത്യകളില്‍ നാല്‍കാലികള്‍ക്ക് ഒന്നും സംഭവിക്കാറിലല്ലോ .....പാതി വെന്തു പിടയുന്ന ജീവനുകള്‍... ത്രിശൂലത്തില്‍ കുത്തി ഉയര്‍ത്തിയ ചോരകുഞ്ഞുങ്ങള്‍...എല്ലാം ഇരുകാലികള്‍ .....

അങ്ങനെ വരുണിനും കിട്ടി വാലിലൊരു ഗാന്ധി. കുടംബ മഹിമ പോലെ തന്നെ ഇയാളും ഇറങ്ങി രാജ്യത്തെ സേവിക്കാന്‍.

ഈ മനേക പുത്രനെതിരെ 2009 മാര്‍ച്ച് ആറിനു പിലിബിത്ത് മണ്ഡലത്തില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ വര്‍ഗ്ഗീയത ചീറ്റി പ്രസംഗിച്ചത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് പ്രകാരം പിലിബിത്ത് ജില്ല ഭരണകൂടം ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുത്തു.

"ഇത് ഒരു കൈ അല്ല താമരയുടെ ശക്തിയാണ് . ഇത് അവരുടെ കഴുത്ത് വെട്ടി വീഴ്ത്തും. ഹിന്ദുക്കള്‍ക്കെതിരെ ആരെങ്കിലും കൈ ഉയര്‍ത്തിയാല്‍ ഹിന്ദുക്കള്‍ ദുര്‍ബലരും നേതാക്കളില്ലാത്തവരും ആണെന്ന് ആരെങ്കിലും കരുതിയാല്‍ ഞാന്‍ അവരുടെ കൈ വെട്ടുമെന്ന് "കൂടി ഇന്ദിരയുടെ കൊച്ചു മോന്‍ കാച്ചികളഞ്ഞത്രേ ....!!!!!.

വരുണിന്റെ പരാമര്‍ശങ്ങള്‍ തെരഞ്ഞടുപ്പ് കമ്മിഷന്‍ അത്യന്തം ഗൌരവത്തോടെ ആണ് എടുത്തിരിക്കുന്നത്.
നവഗാന്ധിയില്‍ നിന്നും ഉതിര്‍ന്ന വാക്കുകള്‍ കേട്ട് സത്യത്തില്‍ ഭാരതീയ ജനത ഞെട്ടിപ്പോയി...

പക്ഷെ ഇതിനെ ന്യായീകരിച്ചു ഭാരതീയ ജനതാ പാര്‍ട്ടി രംഗത്ത് വന്നു.

താക്കറെ എന്ന പ്രാദേശിക വാദിയുടെ സര്ടിഫിക്കട്ടും അതിന് കിട്ടി.

ഇന്ത്യ പോലെയുള്ള ഒരു മതനിരപേക്ഷ രാജ്യത്തിനു തികച്ചും കളങ്കമാണ് ഇത്തരം അല്‍പബുദ്ധി ജന്മങ്ങളുടെ വാക്കുകള്‍..ലോകത്ത്, പല രാജ്യങ്ങളിലും മതത്തിന്റെ / വര്‍ഗ്ഗത്തിന്റെ പേരില്‍ പല കളങ്ങളിലായി മനുഷ്യന്‍ ചേരി തിരിഞ്ഞു പോരടുംപോഴും ഇന്ത്യയെന്ന എന്ന രാജ്യത്തെ പിടിച്ചു നിര്‍ത്തുന്നത് അതിന്‍റെ ബഹുസ്വരതയിലുള്ള ശക്തി കൊണ്ടാണ്. അതിനു നേരെയുള്ള വിഷംചീറ്റലാണ് നാം കേട്ടത് , അതും ഗാന്ധി എന്ന മഹാമനുഷ്യന്‍റെ. , അക്രമരാഹിത്യത്തിന്‍റെ കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച ഉപാസകന്‍റെ പേര് വാലുപോലെ കൊണ്ട് നടക്കുന്നവരുടെ വായില്‍ നിന്നും.

വരുണ്‍ എന്ന യുവാവിനു ഇനിയെങ്കിലും പേരിന്റെ പിറകിലുള്ള ഗാന്ധിയെ അറിയാനുള്ള വിവേകം ഉണ്ടാവട്ടെ....കാരണം വിവരമില്ലായ്മ ഒരു രോഗമൊന്നും അല്ലല്ലോ....!!!!!

( മുകുന്ദന്‍ .സി . മേനോന്റെ ഒരു രചനയോട് കടപാട് )

വാല്‍കഷ്ണം :

മിനി സ്ക്രീനിലെ പരസ്യത്തില്‍ നിന്നും പെങ്കൊച്ചിന്റെ മൊബൈല്‍ വീണ്ടു ചോദിക്കുന്നു...ഗാന്ധിയോ ? കമാന്‍ന്റയോ ..?